Premier rationalists organisation of Kerala, India

Home

കേരളയുക്തിവാദി സംഘം

നവോത്ഥാന, യുക്തിവാദ ആശയങ്ങളിൽ ആകൃഷ്ടമായി 30, 40 കളിൽ പല യുക്തിവാദി സംഘടനകളും കേരളത്തിന്റെ വിവിധ മേഖലകളിൽ രൂപീകരിക്കപ്പട്ടു. 1935 നവംബർ 11 ന് കൊച്ചിയിൽ ഒരു യുക്തിവാദിസംഘം രജിസ്റർ ചെയ്യപ്പെട്ടു. രാമവർമ്മ തമ്പാൻ പ്രസിഡണ്ടും, എം.സി. ജോസഫ് സെക്രട്ടറിയും, പനമ്പിള്ളി ഗോവിന്ദമേനോൻ ഖജാൻജിയുമായിരുന്നു. 1949 ൽ തിരുവനന്തപുരത്ത് ജസ്റിസ് രാമകൃഷ്ണൻ പ്രസിഡണ്ടും, സി. കേശവൻ, കെ.ദാമോദരൻ, ചെവ്വരപരമേശ്വരൻ എന്നിവർ അംഗങ്ങളും എം. പ്രഭ സെക്രട്ടറിയുമായി ഒരു യുക്തിവാദി സംഘം രൂപീകരിച്ചു. ഇതേകാലത്ത് തൊടുപുഴയിൽ ഇടമറുക് യുക്തിവാദി യോഗങ്ങൾ വിളിച്ചുകൂട്ടി. തുടർന്ന് ‘ ഫോറം ഓഫ് ഫ്രീ തിങ്കേഴ്സ് ‘ രൂപീകരിച്ചു. 1953 ൽ ആലുവ അദ്വൈതാശ്രമത്തിൽ യുക്തിവാദി സമ്മേളനം നടന്നു. സഹോദരൻ, കുറ്റിപ്പുഴ, എം.സി. തുടങ്ങിയവർ പങ്കെടുത്തു.

ഇതിനിടെ 1946 ഡിസംബർ 8 ന് എറണാകുളത്ത് അഖില കൊച്ചി മിശ്രവിവാഹസംഘം രൂപീകരിച്ചു. ചൊവ്വര പരമേശ്വരൻ പ്രസിഡണ്ടും, വി.കെ പവിത്രൻ സെക്രട്ടറിയുമായി. 1958 ൽ സംഘടനയുടെ പേര് കേരള മിശ്രവിവാഹസംഘം എന്നായി. ഒട്ടേറെ സാമൂഹ്യമുന്നേറ്റങ്ങൾക്ക് സംഘടന നേതൃത്വം നല്കി. 1965 സെപ്തംബറിൽ ‘കോഴിക്കോട് ജില്ലാ യുക്തിവാദി സംഘം’ നിലവിൽ വന്നു. കെ.കെ. പണിക്കർ പ്രസിഡണ്ടും, ബി.കെവെങ്ങാലിൽ സെക്രട്ടറിയും, യു. കലാനാഥൻ ഓർഗനൈസിങ് സെക്രട്ടറിയുമായി. 1966 ആഗസ്റ്റിൽ തിരുവനന്തപുരത്ത് യുക്തിവാദി സംഘം രൂപം കൊണ്ടു. പവനൻ പ്രസിഡണ്ടും പി.എസ്. രാമൻകുട്ടി സെക്രട്ടറിയും, മാത്യു എം. കുഴിവേലി, പെരുമ്പടവം ശ്രീധരൻ, ഡോ. തോമസ് വർഗീസ്, കെ. വേണു, ഏ.കെ. ഹമീദ്, ഐ. റിച്ചാർഡ് എന്നിവര് സജീവ അംഗങ്ങളു മായിരുന്നു.

സംസ്ഥാനതലത്തിൽ ഒരു സംഘടന നിലവിൽ വരാൻ ഇടയാക്കിയത് ഏ.വി. ജോസാണ്. 1962 മുതൽ തൃശൂരിൽ വർഷം തോറും വിളിച്ചുകൂട്ടാറുണ്ടായിരുന്ന സുഹൃത്സമ്മേളനങ്ങളിൽ 1967 ലെ യോഗമാണ് കേരളയുക്തിവാദിസംഘത്തിനു നേതൃത്വം കൊടുത്തത് . ഡിസംബര് 24 ന് റീജണൽ തീയേറ്ററിൽ നടന്നസമ്മേളനം എം.സി. ജോസഫ് (പ്രസിഡണ്ട്) വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള (വൈ. പ്രസി) കെ.എ. സുബ്രഹ്മണ്യം (സെക്രട്ടറി) ഏ.വി. ജോസ്, പി.എസ്. രാമൻകുട്ടി (ജോ. സെ.) ജോസഫ് കുന്നത്ത് (ഖജാൻജി) എന്നിവരടങ്ങുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു. 1969 ലെ യോഗം എം. പ്രഭയെ പ്രസിഡണ്ടും പി.എസ്. രാമൻകുട്ടിയെ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. 1976 ലെ എറണാകുളം സമ്മേളനത്തിൽ ഡോ. പി.വി. വേലായുധൻപിള്ള പ്രസിഡണ്ടും യു. കലാനാഥൻ സെക്രട്ടറിയുമായി.

കേരള യുക്തിവാദി സംഘം, ഇന്ത്യന് റാഷണലിസ്റ്റ് അസോസിയേഷനിൽ (IRA) അഫിലിയേറ്റു ചെയ്തു പ്രവർത്തിക്കുകയായിരുന്നു.എന്നാൽ 1980 ന് ശേഷം IRA യുടെ ഭാരവാഹികളായി വന്നവർ ഈ സംഘടനയുടെ ഫെഡറൽ സ്വഭാവം നഷ്ടപ്പെടുത്തി.അതിനാൽ 1984 നവംബർ 4 ന് തൃശൂരിൽ ചേർന്ന കേരളയുക്തിവാദിസംഘം സംസ്ഥാന കമ്മറ്റിയോഗം IRA ൽ കേരളയുക്തിവാദിസംഘത്തിനുണ്ടായിരുന്ന അഫിലിയേഷൻ പിൻവലിക്കാൻ തീരുമാനിച്ചു. ദേശീയ പ്രാധാന്യമുള്ള പ്രശ്നങ്ങൾ ഉയർത്തുന്നതിന് കെട്ടുറപ്പുള്ള ഒരു ദേശീയ സംഘടനയുടെ ആവശ്യത്തെപ്പറ്റി കേരളയുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി യോഗം ചർച്ച ചെയ്തതിൻറെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ഒരു സുഹൃത്സമ്മേളനം വിളിച്ചുകൂട്ടാൻ ബി.പ്രേമാനന്ദിനെ ചുമതലപ്പെടുത്തി. 1985ൽ തിരുവനന്തപുരത്ത് നടന്ന പത്താം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് യുക്തിവാദിസംഘടനകളുടെ ഒരു അഖിലേന്ത്യാ സുഹൃത്സമ്മേളനം നടത്തിയിരുന്നു. എന്നാൽ 1997 ഫെബ്രുവരി 7,8 തീയതികളിൽ പാലക്കാട് വച്ചു നടന്ന 19 – ആം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ദേശീയ സുഹൃത്സമ്മേളനത്തിലാണ് FIRA (Federation of Indian Rationalists Association) രൂപീകൃതമായത്. അഖിലലോകയുക്തിവാദിപ്രസ്ഥാനമായ IHEU (International Humanist & Ethical Union) , അഖിലേന്ത്യാ സംഘടനയായ FIRA (Federation of Indian Rationalists Association) എന്നിവയിൽ അംഗമാണ് കേരളയുക്തിവാദിസംഘം..

Switch to our mobile site